Saturday, November 26, 2022

Certificate of Appreciation - Congratulations

 



കോതമംഗലത്തു നിന്നും കട്ടപ്പനക്കുള്ള യാത്രാമധ്യേ ആണ് അപകടം ശ്രദ്ധയിൽ പെട്ടത്. ബൈക്ക് അപകടമാണ്. അപകടത്തിൽ പെട്ടയാൾ അബോധാവസ്ഥയിൽ ആണ്. 


വഴിയിൽ ഒരു കൈ ദൃശ്യമാകാത്ത നിലയിൽ മൂക്ക് റോഡിൽ മുട്ടി ഏതാണ്ട് കമിഴ്ന്ന് എന്ന പോലെ കിടക്കുക ആയിരുന്നു അയാൾ. ജീവനില്ല എന്ന സംശയം കാരണമാകാം, കുറച്ച് ആളുകൾ സ്തപ്തരായി നോക്കി നിൽക്കുന്നുണ്ട്. തിരക്കുള്ള ഹൈവേയിൽ വാഹനങ്ങൾ ഇരു വശത്തേക്കും പോകുന്നുണ്ട്. വണ്ടി  നിറുത്തി, കൂടി നിന്നവരോടു പറഞ്ഞു: നിങ്ങൾ ആളെ എടുക്ക്, ഈ വാഹനത്തിൽ കൊണ്ടു പോകാം. ഒപ്പം ഉണ്ടായിരുന്ന കുടുംബാംഗങ്ങളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. തെക്കേകുന്നേൽ ബെന്നി അളിയനും ഞാനും കൂടി വാഹനം തിരിച്ചു. അപ്പോളതാ ഒരു എസ്.ഐ. കൂടിയുണ്ട് ആളെ വണ്ടിയിൽ കയറ്റാൻ. ഞാൻ ചുറ്റിലും നോക്കി, പോലീസ് വാഹനമൊന്നും കാണുന്നില്ല. 

അപകടം പറ്റിയ വാഹനത്തിലെ എന്നു കരുതുന്ന രണ്ടു പേർകൂടി നിർദ്ദേശപ്രകാരം  വണ്ടിയിൽ കയറി. ഹോൺ നീട്ടിയടിച്ച് ഹെഡ് ലൈറ്റുമിട്ട് പായുമ്പോൾ, മിക്കവാറും വാഹനങ്ങൾ വഴിയൊതുങ്ങി, ഫോൺ വിളിച്ച് കാറോടിച്ചിരുന്ന ഒരുവനും, ഹോൺ ശ്രദ്ധിക്കാതെ റോഡിലേക്ക് കുറുകെ കയറിയ ഒരു മണ്ണു ലോറിയും ഒഴികെ.

പാതി വഴിയിൽ ആൾക്ക് ബോധം വീണു. വേദനയറിഞ്ഞ് വീടും സ്ഥലവും പറഞ്ഞു.

ആശുപത്രിക്കാർ ഫോർമാലിറ്റികൾ ഒന്നുമില്ലാ എന്നു പറഞ്ഞതിനാൽ തിരികെ പോന്നു.

 പോരുന്ന വഴിക്കാണ് റോഡപകടം പറ്റിയവരെ, ആശുപത്രിയിലെത്തിക്കുന്നവർക്ക് സർക്കാർ വക എന്തോ ഒന്ന് ഉണ്ടെന്ന് പണ്ട് വായിച്ച അവ്യക്തമായ ഒരു ഓർമ്മ വന്നത്. (അന്നത് വായിക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നു , വെളുപ്പാൻ കാലം ബൈക്കപകടത്തിൽ വഴിയരുകിൽ കിടന്ന ഒരുവനെ ഞാനും മോളും കൂടി കട്ടപ്പന ആശുപത്രിയിൽ എത്തിച്ചത്).

ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ ആണ് വാഹനത്തിൽ കയറ്റിയത് എന്നല്ലാതെ വേറെ തെളിവൊന്നും ഇല്ല. ഒന്നും പ്രതീക്ഷിച്ചല്ല ചെയ്തത് എങ്കിലും .... സഹപാഠിയായ Cl സുരേഷിനെ വിളിച്ച് തിരക്കി: അന്വേഷണ ശേഷം അത് കേന്ദ്ര പാക്കേജ് ആണെന്നും കേരളത്തിൽ നടപ്പാക്കിയിട്ടില്ല എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബാംഗങ്ങളെ വിളിച്ചപ്പോൾ, അവരെ തൊട്ടടുത്തുള്ള ഊന്നുകൽ സ്റ്റേഷൻ എസ്.ഐ. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി എന്ന് പറഞ്ഞു. നന്നായി, കുഞ്ഞവന് അടങ്ങി നിൽക്കുന്ന പ്രായമല്ലല്ലോ! ഹൈവേയരുകിൽ റിസ്കാണ്. 

സ്ഥലത്തെത്തിയപ്പോൾ വഴിയിൽ സ്റ്റേഷൻ എസ്.ഐ. Saraschandrakumar സ്നേഹത്തോടെ സ്റ്റേഷനിലേക്ക് ക്ഷണിച്ചു. മുറ്റത്തെത്തിയപ്പോൾ പോലീസുകാർ ഓടി വന്ന് വാഹനം പരിശോദിച്ചു. വീണു കിടക്കുന്ന സ്രവങ്ങൾ കഴുകി തരാം എന്ന് പറഞ്ഞു. ഇത്തിരി ഡെറ്റോളും തുണിയും നൽകിയാൽ മതി ഞങ്ങൾ തന്നെ ചെയ്തു കൊള്ളാം എന്ന് ഞങ്ങൾ പറഞ്ഞു എങ്കിലും അവർ നിരസിച്ചു. ഞങ്ങളുടെ വാഹനം, യൂണിഫോമിലും മഫ്ത്തിയിലുമുള്ള പോലീസുകാർ തന്നെ വൃത്തിയാക്കി തന്നു!!

ഈ സമയം  CI സുരേഷ് SI യുമായി സംസാരിച്ചു. അവർ കൈമാറിയ സംസാരത്തിനൊടുവിൽ SI റൈറ്റർക്ക് നിർദ്ദേശം നൽകി. (ഫാമിലിയുടെ റോൾ പ്രത്യേകം ചേർക്കണം എന്ന് പറഞ്ഞ് ആദ്യ പ്രൂഫ് അദ്ദേഹം മടക്കിയത് ശ്രദ്ധയിൽ പെട്ടിരുന്നു - ശരിയാണ്, വീട്ടുകാർ ഉടക്കിയാൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ബുദ്ധിമുട്ടിലാകുമല്ലോ!). 

വാഹനമുണങ്ങി പോകുവാൻ തുടങ്ങുമ്പോഴേക്കും  അഭിനന്ദന കത്തും ഫോട്ടോ സെഷനും !! എന്റെ വാട്ട്സപ്പിലേക്ക് അവർ തന്നെ അയച്ചു നൽകി ഫോട്ടോ !

കത്ത് കേവലം ഒരു അംഗീകാരം മാത്രമല്ല, 
കാണുന്നവർക്കെല്ലാം ഒരു പ്രചോദനമാണ്. കത്തുമാത്രമല്ല ഊന്നുകൽ സ്റ്റേഷനിലെ പോലീസുകാരുടെ സമീപനവും. 
തുടർ നടപടികൾ ഭയന്നിട്ടു കൂടിയാവാം, ആളുകൾ തിരിഞ്ഞു നോക്കാതെ പായുന്നത്. (ഫോട്ടോയും സർട്ടിഫിക്കറ്റും കണ്ട് എന്നെ വിളിച്ച പലർക്കും നൂലാമാലകളുടെ - വഴിയിൽ വച്ച് ആൾ മരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ അടക്കം - വിവരങ്ങൾ ആയിരുന്നു അറിയേണ്ടത്) ഇത്തരത്തിൽ ഭയന്ന് മാറുന്നവർക്ക് എങ്കിലും സ്റ്റേഷനിൽ നിന്നു കിട്ടിയ അനുമോദന കത്തും അനുഭവവും പ്രചോദനമേകട്ടെ ! (ഷെയർ ചെയ്യപ്പെട്ട ഗ്രൂപ്പുകളിൽ ചിലതിൽ വന്ന കമന്റുകൾ "പോലീസ് ഇത്രയും മാറിയോ " എന്ന ആശ്ചര്യപ്പെടലാണ് ).

നടന്നത് ഏതൊരു മനുഷ്യനും തോന്നുന്ന / ചെയ്യുന്ന സാദാരണ പ്രവൃത്തി മാത്രം ! ഹീറോയിസ മൊന്നുമല്ല. പത്രങ്ങളിൽ കാണുന്ന പോലെ, ആളുകൾ മാറി നിൽക്കുന്നത്, ഒരുപക്ഷേ, വ്യവസ്ഥിതിയുടെ അപര്യാപ്തതകൾ മുന്നോട്ടു വക്കുന്ന കയ്പേറിയ നൂലാമാലകൾ കൊണ്ടാവാം. 

അതിനാൽ തന്നെ,
പോലീസിലും ഇതൊരു പുതിയ മാതൃകയാണ്. ആളുകൾക്ക് ഇത്തരം കത്തുകൾ പ്രചോദനമേകും. അവരുടെ ഭയം അകറ്റും.

 ഊന്നുകൽ പോലീസ് സ്റ്റേഷന് ആശയം പകർന്ന മുല്ലപ്പെരിയാർ CI സുരേഷ് സാറിന് അഭിനന്ദനങ്ങൾ❤️😁 

No comments:

Post a Comment